തിരുവനനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ പരീക്ഷയെഴുതിയ 3,74,755 വിദ്യാർഥികളിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് വിജയശതമാനം.
കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനത്തിൽ 4.26 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വർഷം 82.95 ആയിരുന്നു വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
പരീക്ഷയെഴുതിയ 1,93,289 പെണ്‍കുട്ടികളിൽ 1,68,561 പേരും (87.21 ശതമാനം ), 1,81,466 ആണ്‍കുട്ടികളിൽ 1,26,327 പേരും (69.67 ശതമാനം) ഉപരിപഠനത്തിനു യോഗ്യത നേടി. 39,242 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 105 പേർ 1200 ൽ 1200 മാർക്കും നേടി. 84.12 ശതമാനം വിജയം കരസ്ഥമാക്കിയ എറണാകുളം ജില്ലയാണു വിജയശതമാനത്തിൽ മുന്നിൽ.
വയനാട് ജില്ലയാണു വിജയശതമാനത്തിൽ പിന്നിൽ, 72.13 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ 84.83 ശതമാനം വിജയം സ്വന്തമാക്കി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്, 5659 പേർ. ഏഴ് സർക്കാർ സ്കൂളും 17 എയ്ഡഡ് സ്കൂളും 27 അണ് എയ്ഡഡ് സ്കൂളും 12 സ്പെഷൽ സ്കൂളും നൂറു ശതമാനം വിജയം നേടി.
പ്ലസ് ടു സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 1,89,411 വിദ്യാർഥികളിൽ 1,60,696 പേരും വിജയിച്ചു. 84.84 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 76,235 വിദ്യാർഥികളിൽ 51,144 പേർ വിജയം കണ്ടു. 67.09 ആണ് വിജയശതമാനം.
കൊമേഴ്സിൽ 1,09,109 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 83,048 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി, 76.11 ആണ് വിജയശതമാനം. പട്ടികജാതി വിഭാഗത്തിൽ 35,781 ൽ 20,343 പേരും (56.85 ശതമാനം) പട്ടികവർഗ വിഭാഗത്തിൽ 5,815 ൽ 3,135 പേരും (53.91 ശതമാനം) ഒഇസി വിഭാഗത്തിൽ 9,472 ൽ 6,630 പേരും (70 ശതമാനം) ഒബിസി വിഭാഗത്തിൽ 2,48,876 ൽ 1,99,117 പേരും (80.01 ശതമാനം) ജനറൽ വിഭാഗത്തിൽ 74,811 ൽ 65,663 പേരും (87.77 ശതമാനം) ഉപരിപഠനത്തിന് യോഗ്യത നേടി.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 39,242 പേരിൽ 29,718 പേർ പെണ്‍കുട്ടികളും 9,524 പേർ ആണ്‍കുട്ടികളുമാണ്.
എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയവരിൽ 82.47 ശതമാനം പേരും വിജയിച്ചു. അണ് എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 74.51 ആണ്. സ്പെഷ്യൽ സ്കൂളുകളുടെ വിജയശതമാനം 98.54 ആണ്.
15 ടെക്നിക്കൽ സ്കൂളുകളിലായി പരീക്ഷയെഴുതിയ 1,494 പേരിൽ 1,046 പേർ ഉപരിപഠനത്തിന് യോഗ്യരായി (70.01 ശതമാനം). 73 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 60 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ (വിഎച്ച്എസ്ഇ) 71.42 ശതമാനം പേർ വിജയിച്ചു. പരീക്ഷയെഴുതിയ 27,586 പേരിൽ 19,702 പേർ ഉപരിപഠനത്തിന് യോഗ്യരായി. കഴിഞ്ഞവർഷം 78.39 ശതമാനമായിരുന്നു വിജയം.
ഏറ്റവും ഉയർന്ന വിജയശതമാനം വയനാട് (85.21 ശതമാനം) ജില്ലയും കുറഞ്ഞ വിജയശതമാനം കാസർഗോഡ് (61.31 ശതമാനം) ജില്ലയിലുമാണ്. 12 സ്കൂൾ നൂറു ശതമാനം വിജയം നേടി. ഇതിൽ എട്ടെണ്ണം സർക്കാർ സ്കൂളും നാലെണ്ണം എയ്ഡഡ് സ്കൂളുമാണ്. 251 പേർ മുഴുവൻ എ പ്ലസ് നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ 1454 പേരിൽ 207 പേരും വിജയിച്ചു.