കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷകൻ ജീവനൊടുക്കി
Saturday, May 18, 2024 3:05 AM IST
ചന്ദനക്കാംപാറ (കണ്ണൂർ): കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ വീട്ടിൽ ജീവനൊടുക്കി. ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ മഞ്ഞക്കുഴിയിൽ എം.വി. ബാബു (54) വാണ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്തിയത്.
കഴിഞ്ഞ ഏതാനും മാസമായി പ്രദേശത്തു കാട്ടാനശല്യമുണ്ട്. ബാബുവിന്റെ വാഴയുൾപ്പെടെയുള്ള കാർഷികവിളകൾ കാട്ടാന നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പയ്യാവൂർ പഞ്ചായത്തിലുൾപ്പെടെ ബാബു പരാതി നൽകുകയും നടപടി ഉണ്ടായില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പറയുന്നു.
ഷിമോഗ കോളനിയിൽ 15 തവണ കാട്ടാനശല്യം ഉണ്ടായപ്പോൾ പത്തു തവണയും ബാബുവിന്റെ കൃഷിയാണു നശിപ്പിച്ചത്. പഞ്ചായത്ത് അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ പ്രതിഷേധിച്ച് താനും അമ്മയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുമെന്ന് പിന്നീട് വീട്ടിലെത്തിയ ബാബു പ്രാദേശികചാനലുകളോട് ആവർത്തിച്ചു പറഞ്ഞിരുന്നു.
അച്ഛൻ: പരേതനായ വേലായുധൻ. ഭാര്യ: ഗീത. മക്കൾ: ജിതിൻബാബു (ഡ്രൈവർ), വിഷ്ണു ബാബു. പയ്യാവൂർ എസ്ഐ ബെന്നിയുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.