ജയരാജൻ സിപിഎമ്മിന്റെ പ്രസംഗത്തൊഴിലാളി: സണ്ണി ജോസഫ്
Friday, October 17, 2025 1:06 AM IST
തിരുവനന്തപുരം: ഇ.പി. ജയരാജൻ സിപിഎമ്മിന്റെ പ്രസംഗത്തൊഴിലാളി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഷാഫി പറന്പിലിനെതിരായ ജയരാജന്റെ ഭീഷണിയെ കോണ്‍ഗ്രസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
തന്നേക്കാൾ ജൂണിയറായ വ്യക്തിയെ പാർട്ടി സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചു കുറച്ചുനാൾ നിസഹരണവുമായി ഇ.പി. ജയരാജൻ നടന്നു. അദ്ദേഹത്തെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നു നീക്കാൻ സിപിഎം നിർബന്ധിതമായതിന്റെ കാരണം എല്ലാവർക്കും അറിവുള്ളതാണെന്നും സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഷാഫി പറന്പിൽ എംപിയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണ്. ഷാഫിക്കെതിരായ അക്രമത്തിൽ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ അതിൽനിന്നു രക്ഷപ്പെടാനാണു കള്ളക്കേസും കള്ളപ്രചാരണവുമായി സിപിഎം രംഗത്തുവന്നത്.
ഷാഫിയെ ഒരു പോറൽ ഏൽപ്പിക്കാൻ സിപിഎമ്മിനു കഴിയില്ല. പോലീസിനെ ഉപയോഗിച്ചു നടത്തുന്ന ആക്രമണം സിപിഎമ്മിന്റെ ബലഹീനതയ്ക്കു തെളിവാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം നേതാവ് ജി. സുധാകരനെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യാൻ സമയമായില്ല.സിപിഎമ്മിലെ മുതിർന്ന നേതാവാണ് അദ്ദേഹം.രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുന്പോഴും വ്യക്തിപരമായ സൗഹൃദവും സത്യസന്ധമായ നിലപാടും പുലർത്തുന്ന നേതാവാണ്.
അദ്ദേഹത്തിനെതിരേ സിപിഎം നടത്തുന്ന പ്രവർത്തനങ്ങൾ ശരിയാണോയെന്നു അവർതന്നെ പരിശോധിക്കണം. അത്തരം ആക്രമണങ്ങളെ ചെറുക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും സണ്ണി ജോസഫ് പറഞ്ഞു.