സിഗ്നൽ ലൈറ്റിന്റെ നിറംപോലും അറിയാം; മാപ്പിൾസ് ആപ്പ് തരംഗമായി
Friday, October 17, 2025 1:06 AM IST
പരവൂർ (കൊല്ലം): റോഡിലെ സിഗ്നൽ ലൈറ്റുകളിൽ ചുവപ്പും പച്ചയും തെളിയുന്നത് പോലും വ്യക്തമായി അറിയാൻ കഴിയുന്ന "മാപ്പിൾസ്' ആപ്പ് രാജ്യത്ത് തരംഗമായി മാറുന്നു. മാപ്പ് മൈ ഇന്ത്യ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ നാവിഗേഷൻ ആപ്പാണ് മാപ്പിൾസ്.
സോഹോയുടെ അരട്ടൈക്ക് ശേഷമാണ് മറ്റൊരു ഇന്ത്യൻ ആപ്പ് കൂടി രാജ്യത്ത് ശ്രദ്ധേയമാകുന്നത്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അടക്കമുള്ളവർ ഇതിനെ പ്രശംസിച്ചുകഴിഞ്ഞു.
കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള മാപ്പിൾസ് സമീപഭാവിയിൽ തന്നെ ഗൂഗിൾ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.
മാപ്പിൾസിനെ അറിയാം
ഇന്ത്യൻ കമ്പനിയായ മാപ്പ് മൈ ഇന്ത്യ വികസിപ്പിച്ച മാപ്പിംഗ്, നാവിഗേഷൻ, ജിയോ സ്പെഷൽ ടെക്നോളജി പ്ലാറ്റ് ഫ്ലാമാണ് മാപ്പിൾസ്. ഗൂഗിളിന്റെ മാതൃകയിൽ ഇന്ത്യൻ റോഡുകൾക്ക് അനുസൃതമായ വിവരങ്ങളാണ് മാപ്പിൾസ് നൽകുന്നത്. ഇന്ത്യക്കാർക്കുവേണ്ടി മാത്രം ഡിസൈൻ ചെയ്ത ഡിജിറ്റൽ മാപ്പുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, തത്സമയ ട്രാഫിക് അലർട്ടുകൾ എന്നിവ മാപ്പിൾസിന്റെ പ്രധാന പ്രത്യേകതകളാണ്.
ജംഗ്ഷനുകളുടെ ത്രീഡി കാഴ്ചകൾ, ബിൽഡിംഗുകൾക്ക് അകത്തെ ഷോപ്പുകളുടെ വിവരങ്ങൾ, ഓഫ്ലൈൻ മാപ്പുകൾ എന്നിവയും ഇതിൽ ലഭിക്കും. മാത്രമല്ല സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ, അപകടമേഖലകളെ കുറിച്ചുള്ള മുന്നറിയിപ്പ്, വലിയ വളവുകൾ, സ്പീഡ് ബ്രേക്കറുകൾ, ട്രാഫിക് സിഗ്നലുകൾ, സിസിടിവി നിരീക്ഷണ കാമറകളുടെ ലൊക്കേഷൻ തുടങ്ങിയവയും മാപ്പിൽ കൃത്യമായി അറിയാം. ഇതു കൂടാതെ യാത്രയ്ക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാൽക്കുലേറ്ററും ഇതിലുണ്ട്. 200ലധികം രാജ്യങ്ങളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കിക്കഴിഞ്ഞു.
ഗൂഗിൾ മാപ്പ് പിന്നിലാകും?
ഇന്ത്യയിൽ യാത്രക്കാർ വളരെ വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പ് ആണ് ഗൂഗിൾ മാപ്പ്. എന്നാൽ, ഇതിനെ ആശ്രയിച്ചും വിശ്വസിച്ചും കുഴപ്പത്തിൽ ചെന്ന് ചാടിയവരും അനവധിയാണ്. പണി തീരാത്ത പാലങ്ങളിലൂടെയും ചെറിയ അരുവികളിലൂടെയുമൊക്കെ വഴി കാണിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൂഗിൾ മാപ്പ് ഇന്ത്യക്കുവേണ്ടി മാത്രം ഡിസൈൻ ചെയ്ത ആപ്പ് അല്ല.
ഇത്തരം അപകടസാധ്യതകൾക്കു പരിഹാരം കാണാൻ പാലങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അവിടത്തെ ത്രീഡി കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കിയാണ് മാപ്പിൾസിന്റെ പ്രവർത്തനം. എല്ലാ വിവരങ്ങളും ഇന്ത്യയിൽ തന്നെ സ്റ്റോർ ചെയ്യുന്നതിനാൽ ഡേറ്റയുടെ പ്രൈവസിയെ കുറിച്ചുള്ള ടെൻഷൻ പോലും വേണ്ടെന്ന് മന്ത്രി അശ്വനി വൈഷണവ് വ്യക്തമാക്കുന്നു.