പ്രവാസി പ്രേഷിത പ്രവർത്തനം സജീവമാക്കാൻ കേരള ലത്തീൻ സഭ
Friday, October 17, 2025 2:27 AM IST
കോട്ടയം: പ്രവാസികൾക്കിടയിലെ പ്രേഷിതപ്രവർത്തനം സജീവമാക്കാൻ പദ്ധതി തയാറാക്കി കേരള ലത്തീൻ സഭ. ഇതിന്റെ ഭാഗമായി രൂപതകളിലെ പ്രവാസികാര്യ കമ്മീഷനുകളുടെ ഡയറക്ടർമാരുടെയും പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകരുടെയും ദ്വിദിന സമ്മേളനം സംഘടിപ്പിച്ചു.
കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം വിജയപുരം ബിഷപ്പും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മീഷന്റെ ചെയർമാനുമായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ഫാ. നോയൽ കുരിശിങ്കൽ, രൂപത മൈഗ്രന്റ്സ് കമ്മീഷൻ ഡയറക്ടർ ഫാ. ഫെലിക്സ് ദേവസി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സിസിബിഐ മൈഗ്രന്റ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയ്സൺ വടശേരി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
നവംബർ അഞ്ചുമുതൽ എട്ടുവരെ വേളാങ്കണ്ണിയിൽ നടക്കുന്ന പ്രവാസികളുടെ ജൂബിലി തീർഥാടനത്തിന്റെ മുന്നോടിയായാണു സിബിസിഐ മൈഗ്രന്റ്സ് കമ്മീഷനും കേരള ലത്തീൻ സഭയുടെ മൈഗ്രന്റ്സ് കമ്മീഷനും സംയുക്തമായി സമ്മേളനം സംഘടിപ്പിച്ചത്.