വിഎസിനു പിന്നാലെ ആഴിക്കുട്ടിയും മടങ്ങി
Friday, October 17, 2025 1:06 AM IST
അമ്പലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും പുന്നപ്ര വയലാര്‍ സമരനായകനുമായ പരേതനായ വി.എസ്. അച്യുതാനന്ദന്റെ സഹോദരി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന ഇവര്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
ഓണം ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വിഎസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. ഓണപ്പുടവയുമായെത്തി മടങ്ങിയതാണന്ന്.
വിഎസിന്റെ സഹോദരങ്ങളില്‍ ജീവിച്ചിരുന്ന ഒരേയൊരാള്‍ ആഴികുട്ടിയായിരുന്നു. ഓര്മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ഇവര്‍ വിഎസിന്റെ വേര്‍പാട് അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ്: പരേതനായ ഭാസ്കരന്. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: പരമേശ്വരന്, വിശ്വംഭരന്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.