ഒന്‍പതാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു
Friday, October 17, 2025 1:06 AM IST
പാലക്കാട്: കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ലാസുകാരന് അര്ജുൻ ആത്മഹത്യചെയ്ത സംഭവത്തിൽ രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി. ആരോപണവിധേയരായ ക്ലാസ് ടീച്ചര്‍ ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്താനാണു മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം.
ഡിഇഒയുടെ നിര്‍ദേശപ്രകാരമാണു നടപടി. തുടര്‍നടപടികള്‍ സര്‍ക്കാര്‍ വകുപ്പുതല നിര്‍ദേശങ്ങള്‍ക്കു വിധേയമായി സ്വീകരിക്കുന്നതാണെന്നു മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. പത്തു ദിവസത്തേക്കാണു സസ്പെന്ഷന്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു സ്കൂള്‍ നാലു ദിവസത്തേക്ക് അടച്ചിട്ടു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പല്ലന്‍ചാത്തന്നൂര്‍ സ്വദേശി അര്‍ജുന്റെ ആത്മഹത്യക്കു കാരണം ക്ലാസ് അധ്യാപികയുടെ മാനസിക പീഡനമെന്നാണു വീട്ടുകാരുടെ ആരോപണം. ഇന്നലെ അധ്യാപികയ്ക്കെതിരേ വ്യാപകപ്രതിഷേധമാണ് സ്കൂളിലുണ്ടായത്. ക്ലാസുകള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍ സ്കൂൾമുറ്റത്തു പ്രതിഷേധിച്ചു. വിവിധ വിദ്യാര്‍ഥിസംഘടനകളും പ്രധാനാധ്യാപികയെ ഉപരോധിച്ചു.
അധ്യാപികയുടെ ഭാഗത്തുനിന്നു പിഴവ് സംഭവിച്ചിട്ടില്ലെന്നു പ്രധാനാധ്യാപിക നിലപാട് ആവര്‍ത്തിച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് മാനേജ്മെന്റ് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്ന് ആരോപിതരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന്റെ പേരില്‍ ക്ലാസ് ടീച്ചര്‍ അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ക്ലാസ് ടീച്ചർ സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു. ഒന്നരവര്‍ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നല്‍കേണ്ടിവരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും സഹപാഠികൾ മാധ്യമങ്ങളോടു പ്രതികരിച്ചു.
സംഭവത്തിനുശേഷം അര്ജുന് അസ്വസ്ഥനായിരുന്നു. ചൊവ്വാഴ്ച സ്കൂളില്‍നിന്നു വീട്ടിലേക്കു തിരികെ പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നുവെന്ന് ഒരു സഹപാഠി പറഞ്ഞു. രാത്രി വീടിനകത്തു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോംപോലും മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.