ബസില്‍ വെള്ളക്കുപ്പി സൂക്ഷിച്ച സംഭവം; സ്ഥലംമാറ്റം ഉചിതമോയെന്നു ഹൈക്കോടതി
Friday, October 17, 2025 1:06 AM IST
കൊച്ചി: വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി. സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം.
ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി ഇടപെട്ടു നടത്തിയ സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിച്ചത്.
പൊന്കുന്നത്തുനിന്ന് തിരുവനന്തപുരത്തേക്ക് എട്ടു മണിക്കൂറിലേറെ യാത്രയുള്ളതിനാല്‍ കുടിക്കാനായി കരുതിയ രണ്ടു കുപ്പി വെള്ളമാണ് ബസില്‍ സൂക്ഷിച്ചിരുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു.
ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദേശം നേരത്തേതന്നെ നല്‍കിയിട്ടുള്ളതാണെന്നും സ്ഥലംമാറ്റത്തില്‍ മന്ത്രിക്കു പങ്കില്ലെന്നും കെഎസ്ആര്‍ടിസി അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസിൽ വിധി പറയാന്‍ മാറ്റി.