ശബരിമല നട ഇന്നു തുറക്കും
Friday, October 17, 2025 1:06 AM IST
പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മാസപൂജ കാലയളവ്. നാളെ പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ദര്‍ശനത്തിന് എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇന്നു വൈകുന്നേരം നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു ദീപം തെളിക്കും.
നാളെ പുലര്‍ച്ചെ അഞ്ചിന് ദശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു രാവിലെ സന്നിധാനത്ത് നടക്കും.