ശിരോവസ്ത്ര വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസമന്ത്രി
Thursday, October 16, 2025 1:53 AM IST
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ നിലപാട് മയപ്പെടുത്തി മന്ത്രി വി. ശിവൻകുട്ടി. വിവാദം സൗഹാർദപരമായി പരിഹരിച്ചെങ്കിൽ അങ്ങനെയാകട്ടെയെന്നും സമവായം നല്ലതാണെന്നുമായിരുന്നു മന്ത്രിയുടെ പുതിയ പ്രതികരണം. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളിൽ സംഘർഷമുണ്ടാകാൻ പാടില്ലെന്നതാണ് സർക്കാർ നയം. കുട്ടികൾക്ക് ശാന്തമായിരുന്നു പഠിക്കാൻ അവസരമുണ്ടാകണം. സ്കൂൾ വിദ്യാഭ്യാസ ചട്ടങ്ങളും കോടതി വിധികളും പാലിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ കുട്ടിയെ പുറത്തു നിർത്താനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്ന റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ നൽകുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗം കേൾക്കാനായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പേരിൽ വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ചില വിഭാഗങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതിവിധികളും മുൻനിർത്തിയാണ് മുന്നോട്ടു പോകേണ്ടത്. സ്കൂളിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളിന്റെ എൻഒഎസി പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് സഹകരിച്ച് മുന്നോട്ടു പോവുകയാണു വേണ്ടത്. നിലവിലുള്ള കോടതി വിധി അനുസരിച്ച് യൂണിഫോമിന്റെ കളറും രീതിയും മാനേജ്മെന്റിനു തീരുമാനിക്കാം.
സഹകരണ മനോഭാവത്തോടെയുള്ള സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും കുട്ടികളുടെ പഠനം നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.