മഞ്ചേശ്വരം കേസ്: കെ. സുരേന്ദ്രനു നോട്ടീസ്
Thursday, October 16, 2025 1:53 AM IST
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കമുള്ള എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസയച്ചു. പ്രതികളെ വെറുതെ വിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീലിലാണു നടപടി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ അപരനായി മത്സരിച്ച ബിഎസ്പിയിലെ കെ. സുന്ദരയുടെ പത്രിക പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും കോഴ നല്കി അനുനയിപ്പിച്ച് പിന്‍വലിപ്പിച്ചെന്നുമാണ് കേസ്.
സുരേന്ദ്രനെയടക്കം 2024 ഒക്ടോബര്‍ അഞ്ചിലെ ഉത്തരവിലൂടെ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.
നേരത്തേ ഇതിനെതിരേ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഇതു പിന്‍വലിച്ചാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഹര്‍ജി 30ന് കോടതി വീണ്ടും പരിഗണിക്കും.