കുപ്പിവെള്ളത്തിന്റെ പേരിൽ സ്ഥലംമാറ്റം; കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍
Wednesday, October 15, 2025 12:34 AM IST
കൊച്ചി: ഗതാഗത മന്ത്രി ഇടപെട്ട് സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതിനെത്തുടര്‍ന്നുണ്ടായ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ടു കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നത് യാത്രയ്ക്കിടെ നേരിട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി ഇടപെട്ട് നടത്തിയ സ്ഥലംമാറ്റം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ഈ മാസം ഒന്നിനു നടന്ന സംഭവത്തിനു പിന്നാലെ നാലിനു ഹര്‍ജിക്കാരനെ സ്ഥലംമാറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു ശേഷം ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. ആദ്യ സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചെങ്കിലും തൃശൂരിലേക്കു സ്ഥലം മാറ്റി ഏഴിനു വീണ്ടും ഉത്തരവിടുകയായിരുന്നു. ജസ്റ്റീസ് എന്‍. നഗരേഷ് ഹര്‍ജി പരിഗണിച്ചെങ്കിലും സത്യവാങ്മൂലം നല്കാന് എതിര്‍കക്ഷികള്‍ അഞ്ചു ദിവസത്തെ സമയം തേടി. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
പൊന്കുന്നത്തുനിന്ന് തിരുവനന്തപുരത്തേക്ക് 210 കിലോമീറ്ററിലേറെ ദൂരമുള്ളതിനാല്‍ കുടിക്കാനായി കരുതിയ രണ്ടു കുപ്പി വെള്ളമാണ് ബസില്‍ സൂക്ഷിച്ചിരുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. വീട്ടില്‍നിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണം കഴിക്കുമ്പോഴും കുടിവെള്ളം ആവശ്യമുണ്ട്.
ഒന്നാം തീയതി ഉച്ചയ്ക്ക് 12ഓടെയാണ് ആയൂരില്വച്ച് മന്ത്രി ബസ് തടഞ്ഞ് കുടിവെള്ളക്കുപ്പിയുടെ പേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍വച്ച് തന്നെ ആക്ഷേപിക്കുകയും പിന്നീട് സ്ഥലംമാറ്റുകയും ചെയ്തത്. ഭരണപരമായ കാരണങ്ങള്‍ എന്നാണു സ്ഥലംമാറ്റ ഉത്തരവുകളില്‍ പറഞ്ഞിരിക്കുന്നത്.
കാരണങ്ങള്‍ വ്യക്തമാക്കാതെ ഭരണപരമായ കാരണങ്ങള്‍, പൊതുതാത്പര്യം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു മാത്രം ഒരു ജീവനക്കാരനെ സ്ഥലം മാറ്റുന്നതിനെതിരേ കോടതി ഉത്തരവുകളുള്ളതാണ്. ഈ സാഹചര്യത്തില്‍ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.