മൂന്നാറിൽ ‘അതിഥി’യായി മാവോയിസ്റ്റ്; എൻഐഎ പിടികൂടി
Wednesday, October 15, 2025 2:25 AM IST
മൂന്നാർ: മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാവോയിസ്റ്റിനെ മൂന്നാറിൽനിന്നു പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹൻ ടൂജി ദിനാബു (30) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി അതീവരഹസ്യമായ നീക്കങ്ങൾക്ക് ഒടുവിൽ എൻഐഎയുടെ റാഞ്ചി യൂണിറ്റ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.
മൂന്നാർ കെഡിഎച്ച്പി കന്പനിയിൽ അതിഥിത്തൊഴിലാളിയായി ഒന്നര വർഷമായി ജോലി ചെയ്തു വരികയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണ സംഘം മൂന്നാറിലെത്തി മൂന്നാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
2021 മാർച്ചിൽ ജാർഖണ്ഡിലെ ലാഞ്ചാ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ മൂന്നു പേരാണ് ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 33 പേർ പ്രതികളായുള്ള ഈ കേസിലെ 19 ാം പ്രതിയാണ് സഹൻ.
മാവോയിസ്റ്റ് സംഘത്തിന് ആയുധങ്ങളും പണവും എത്തിച്ചു കൊടുത്തത് ഇയാളാണെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം വിവിധ ഇടങ്ങളിലായി കഴിഞ്ഞ ഇയാൾ ഒന്നര വർഷം മുന്പാണ് മൂന്നാറിലെത്തിയത്. എൻഐഎ രാജ്യവ്യാപകമായി ഇയാൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏതാനും നാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പോലീസ് നടപടി പൂർത്തിയാക്കിയ ശേഷം എൻഐഎ ഇയാളെ ജാർഖണ്ഡിലേക്കു കൊണ്ടുപോയി.
മൂന്നാറിലെ തേയില കന്പനിയിൽ ഗൂഡാർവിള എസ്റ്റേറ്റിൽ തൊഴിലാളിയായി കുടുംബത്തോടൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഒൻപതു വയസുള്ള ഒരു കുട്ടിയുമുണ്ട്. ചോദ്യംചെയ്യൽ പൂർത്തിയായാൽ മാത്രമേ വിശദ വിവരങ്ങൾ ലഭ്യമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു.