കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥകള്‍ക്ക് തുടക്കം
Wednesday, October 15, 2025 12:34 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥകള്‍ക്ക് തുടക്കമായി. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നേതൃത്വം നല്കുന്ന തിരുവനന്തപുരത്തുനിന്നുള്ള മേഖല ജാഥ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ദൈവവിശ്വാസമില്ലാത്തവര്‍ അമ്പലങ്ങള്‍ ഭരിച്ചാലുള്ള ദുരന്തമാണ് കേരളം കാണുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിലവിലെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് അവിശ്വാസികളുടെ സര്‍ക്കാരാണ്. അവര്‍ ഭക്തരുടെ വികാരങ്ങള്‍ക്ക് വില നല്‍കുന്നില്ല. അയ്യപ്പവിഗ്രഹവും ഇവര്‍ അടിച്ചുകൊണ്ട് പോകുമായിരുന്നു. അയ്യപ്പന് ശക്തിയുള്ളതുകൊണ്ട് അത് നടന്നില്ല.
ശബരിമലയിലെ പണം കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റാന്‍ മുഖ്യമന്ത്രി കാണിച്ച നിര്‍ബന്ധബുദ്ധി ആരും മറന്നിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായി കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ എത്തിച്ചേര്‍ന്ന ജാഥാ ക്യാപ്റ്റന്‍ അടൂര്‍ പ്രകാശിന് രമേശ് ചെന്നിത്തല പതാക കൈമാറി.
ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ എം. വിന്‍സന്റ് എംഎല്‍എ, ജാഥ മാനേജര്‍ പഴകുളം മധു, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാര്‍, ജി.എസ്. ബാബു, ജി. സുബോധന്‍, എം.എം.നസീര്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, കെ. മോഹന്‍കുമാര്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ്, പി.കെ. വേണുഗോപാല്‍, കെ.എസ്. ശബരീനാഥന്, കൈമനം പ്രഭാകരന്, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.