രാജ്യത്തെ ആദ്യ ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ ‘യാനം’ 17ന്
Wednesday, October 15, 2025 12:34 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റിവലായ ‘യാനം’ 17 മുതൽ 19 വരെ വർക്കലയിൽ നടക്കും. യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന യാനം യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദിയായി മാറും.
ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാർ, കലാകാരന്മാർ, ഡോക്കുമെന്ററി സംവിധായകർ, വ്ലോഗർമാർ, സാഹസിക സഞ്ചാരികൾ, പാചകരംഗത്തെ പ്രഗല്ഭർ എന്നിവരുടെ കൂടിച്ചേരലിനും അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കിടുന്നതിനുമുള്ള വേദിയായി യാനം മാറും. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പുതിയകാല ടൂറിസം മാതൃകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഫെസ്റ്റിവലിൽ രൂപപ്പെടും.
കേരള ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞു മൂന്നിനു വർക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വി. ജോയ് എംഎൽഎ, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, നടിയും വ്ലോഗറുമായ അനുമോൾ, ഫെസ്റ്റിവൽ ക്യൂറേറ്റർ സബിൻ ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിക്കും.