രണ്ടു പേർ വെടിയേറ്റു മരിച്ചനിലയിൽ
Wednesday, October 15, 2025 12:34 AM IST
കല്ലടിക്കോട് (പാലക്കാട്): ചുള്ളിയാംകുളത്തിനുസമീപം മരുതുംകാട്ടിൽ രണ്ടുപേരെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മരുതുംകാട് ബിനു(45), കളപ്പുരയ്ക്കൽ നിധിൻ (26) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം സമീപവാസിയായ അനിലാണു ബിനു വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നതു കണ്ടത്. തുടർന്ന് അയൽവാസികളെയും പോലീസിനെയും അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ആദ്യം നിധിന്റെ വീടിനോടുചേർന്നുള്ള റോഡിൽ സ്വയം വെടിയേറ്റു മരിച്ചനിലയിൽ ബിനുവിനെ കണ്ടെത്തി. സമീപത്തു നാടൻതോക്കും ഉണ്ടായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണു സ്വന്തം വീടിനുള്ളിൽ നിധിൻ മരിച്ചുകിടക്കുന്നതായി കണ്ടത്.
തോക്കും ഒഴിഞ്ഞ തിരയുടെ കവറും കണ്ടു. ഇരുവരും വീടിനുള്ളിൽ മൽപ്പിടിത്തം നടത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്നു പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരാനായ ബിനു അവിവാഹിതനാണ്. അയൽവാസികളായ ഇരുവരും തമ്മിൽ മുൻവൈരാഗ്യമുള്ളതായി അറിവില്ല.
ബിനുവിന്റെ മാതാപിതാക്കളായ സുബ്രഹ്മണ്യൻ, തങ്ക എന്നിവർ നേരത്തേ മരിച്ചു. സഹോദരങ്ങൾ: സുന്ദരൻ, ഹരിദാസൻ, ചന്ദ്രിക. നിധിന്റെ പിതാവ്: ഐസക്, അമ്മ: ഷൈല, സഹോദരൻ: ബേബി.