മോഹൻലാലിന് ആദരം; 2.84 കോടി എസ്റ്റിമേറ്റ് തുകയെന്ന് മന്ത്രി സജി ചെറിയാൻ
Wednesday, October 15, 2025 12:34 AM IST
തിരുവനന്തപുരം: ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനു സംസ്ഥാന സർക്കാരിന്റെ ആദരവ് ചടങ്ങിനായി ചെലവഴിച്ചെന്ന തരത്തിൽ പുറത്തുവന്ന 2.84 കോടി രൂപ എസ്റ്റിമേറ്റ് തുക മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. യഥാർഥ ചെലവ് പുറത്തുവരുന്പോൾ ഇതിന്റെ പകുതി മാത്രമാകും ചെലവഴിച്ചിട്ടുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
മലയാളത്തെ വാനോളം ഉയർത്തിയ മഹാനടനായ മോഹൻലാലിനെ ആദരിക്കാനായി ചെലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്തുവരുന്നത് മോഹൻലാലിനെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ലാൽ വലിയ മനുഷ്യനാണല്ലോ? എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയല്ലേ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. എന്നിട്ട് അന്നത്തെ സർക്കാർ അദ്ദേഹത്തിന് ഒരു ചായ മേടിച്ചു കൊടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇഡിയെ മുൻനിർത്തി മകന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ ശ്രമം നടക്കുകയാണ്. വ്യാജകഥകൾ മെനഞ്ഞ് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിക്കുംതോറും സഹതാപം കൂടി 110 സീറ്റിൽ എൽഡിഎഫ് 2026ൽ വീണ്ടും അധികാരത്തിലേറുമെന്നും സജി ചെറിയാൻ പറഞ്ഞു.