കേരളവും ജപ്പാനും കൈകോർക്കുന്നു; ജപ്പാൻ മേള 2025 കൊച്ചിയിൽ
Wednesday, October 15, 2025 12:34 AM IST
കൊച്ചി: ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജപ്പാനുമായി പങ്കാളിത്തം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പുവയ്ക്കാനൊരുങ്ങി കേരളം. നാളെയും 17 തീയതിയിലുമായി കൊച്ചിയിൽ നടക്കുന്ന മൂന്നാമത് ജപ്പാൻ മേളയിലാണു സംസ്ഥാന സർക്കാരും ജപ്പാൻ പ്രതിനിധികളും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.
ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകം (ഇൻജാക്) സംഘടിപ്പിക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ മന്ത്രി പി. രാജീവാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രം കൈമാറുന്നത്. കേരളവും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്നതാകും കരാറുകളെന്നാണു പ്രതീക്ഷ.
കേരള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് ആൻഡ് ഐടി ഡയറക്ടർ മുഹമ്മദ് സഫീറുള്ള, കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ , കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പങ്കെടുക്കും. ജപ്പാനിൽനിന്നുള്ള ഐടി വിദഗ്ധൻ ടോഷിഹിരോ ഹനീഷി ഐടി, എഐ മേഖലകളിലെ പുതിയ സാധ്യതകൾ അവതരിപ്പിക്കും.
മേളയിൽ ടൂറിസം, വെൽനസ്, സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്കരണം, ആർട്ടിഫിഷൽ ഇന്റലിജൻസ് , റോബോട്ടിക്സ്, ഐടി, സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുമെന്ന് ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് പറഞ്ഞു.
ജാപ്പനീസ് കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദമായ സെഷനുകളും മേളയുടെ ഭാഗമായുണ്ടാകും.