പാലിയേക്കര ടോള്‍; വിലക്ക് തുടരും
Wednesday, October 15, 2025 1:37 AM IST
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് 17ന് വിധി പറയും. ആമ്പല്ലൂര്‍, മുരിങ്ങൂര്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് അതേപടി തുടരുന്നു എന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
തിരക്കുള്ള സമയങ്ങളില്‍ മാത്രമാണ് ഗതാഗതക്കുരുക്കെന്നും ടോള്‍ വിലക്ക് നീക്കണമെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍, നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമെന്ന നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കളക്ടറോടു കോടതി ചോദിച്ചു . ഇന്നു തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും നിര്‍ദേശിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കിയ ശേഷമേ ടോള്‍ പിരിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.
അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും എല്ലാവരും ബുന്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും വിലയിരുത്തിയാണു കോടതി ഹര്‍ജി വീണ്ടും 17ലേക്കു മാറ്റിയത്.
65 കിലോമീറ്റര്‍ പാതയില്‍ അഞ്ചു കിലോമീറ്റര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടായിരുന്നത്. ഇതിന്റെ പേരില്‍ ടോള്‍ വിലക്കിയത് മറ്റു ദേശീയപാതകളുടെ കാര്യത്തിലും ബാധകമാവുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്നും എഎസ്ജി വിശദീകരിച്ചു. ടോള്‍ വര്‍ധനയിലെ ഇളവിന്റെ കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഓഗസ്റ്റ് ആറിനാണ് ആദ്യമായി പാലിയേക്കരയില്‍ ടോള്‍ വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെതിരേ ദേശീയപാത അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ടോള്‍ വിലക്ക് ശരിവച്ചു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.