ട്രാം സർവീസ് പരിഗണനയിൽ; സാധ്യതാ പഠനത്തിന് കൊച്ചി മെട്രോ
Wednesday, October 15, 2025 12:34 AM IST
പരവൂർ: രാജ്യത്ത് നിലവിൽ കോൽക്കത്തയിൽ മാത്രം സർവീസ് നടത്തുന്ന ട്രാം കേരളത്തിൽ ഓടിക്കുന്നത് പരിഗണനയിൽ. കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
കൊച്ചിയിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ആണ് ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിനു സാധ്യതാപഠനം നടത്താൻ ഗവൺമെന്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കാരോസറി ഹെസ് എജിയുടെ അനുബന്ധ സ്ഥാപനമായ ഹെസ് ഗ്രീൻ മൊബിലിറ്റി നടത്തിയ പ്രാഥമികപഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്.