എക്യുമെനിക്കൽ പുരസ്കാരം ഡോ. തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക്
Wednesday, October 15, 2025 1:37 AM IST
പാലാ: വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ഫോറത്തിന്റെ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പേരിലുള്ള പുരസ്കാരത്തിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത (50,000 രൂപ) അർഹനായി.
ഫോറം ചെയർമാൻ ഡോ. സിറിയക് തോമസ്, ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. ജോസ് പോൾ ശങ്കുരിക്കൽ, സെക്രട്ടറി തോമസ് കണ്ണന്ത്ര എന്നിവരുൾപ്പെടുന്ന സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
16ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എംടി സെമിനാരിയിൽ ചേരുന്ന ചടങ്ങിൽ എക്യുമെനിക്കൽ ഫോറം ചെയർമാൻ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ഒാർത്തോഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പുരസ്കാരം സമ്മാനിക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ക്രിസോസ്റ്റം അനുസ്മരണം നടത്തും. സെക്രട്ടറി തോമസ് കണ്ണന്തറ, ഡോ. ജോസ് പോൾ ശങ്കുരിക്കൽ, എബ്രഹാം കലമണ്ണിൽ, ഡോ. ജോസ് കാലായിൽ തുടങ്ങിയവർ ആശംസ നേരും.