കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ആവേശമുന്നേറ്റം
Wednesday, October 15, 2025 1:37 AM IST
പേരാവൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് തലശേരി അതിരൂപതയിൽ ആവേശോജ്വല സമാപനം.
ഇന്നലെ വൈകുന്നേരം നാലിന് ചെവിടിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്തുനിന്ന് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പേരാവൂർ ടൗണിലൂടെ നീങ്ങിയ റാലി പഴയ ബസ് സ്റ്റാൻഡിലെ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ സമാപിച്ചു. പേരാവൂർ, എടൂർ, കുന്നോത്ത് ഫൊറോനകളുടെ നേതൃത്വത്തിലാണ് സമാപന സമ്മേളനം ഒരുക്കിയത്.
സമാപന സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. എകെസിസി തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. എകെസിസി ബിഷപ് ഡെലിഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം,പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. തോമസ് വടക്കേമുറി, ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ. തോമസ് പട്ടാംകുളം, ഫാ. ജോസഫ് തേനമ്മാക്കൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ബെന്നിച്ചൻ മഠത്തിനകം, ഷാജു എടശേരി, മാത്യു വള്ളാംകോട്ട്, ജോസ് പുത്തൻപുര, ജോണി തോമസ് വടക്കേക്കര, മാത്യു ഒറ്റപ്ലാക്കൽ, ബ്രിട്ടോ ജോസ് തുടങ്ങിയവർ നേതൃത്വം നല്കി.
പാണത്തൂരിൽനിന്ന് ആരംഭിച്ച യാത്ര ഇന്നലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അഞ്ചിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയാണ് പേരാവൂരിൽ സമാപിച്ചത്. ഇന്ന് യാത്ര മാനന്തവാടി രൂപതയിൽ പ്രവേശിക്കും.