കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു
Wednesday, October 15, 2025 12:34 AM IST
കുന്നംകുളം: കുന്നംകുളം നിയോജകമണ്ഡലം മുൻ എംഎൽഎ ബാബു എം. പാലിശേരി (66) അന്തരിച്ചു. രോഗബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിനു വച്ചു. വൈകുന്നേരം ആറരയോടെ കടവല്ലൂർ കൊരട്ടിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് സ്വവസതിയിൽ.
2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുന്നംകുളത്തുനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു. പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി തുടരുന്നതിനിടെ പാർക്കിൻസൺസ് അസുഖബാധിതനാകുകയായിരുന്നു.
രണ്ടു തവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറിയായിരുന്നു. ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, കടവല്ലൂർ പഞ്ചായത്ത് മെംബർ, കടവല്ലൂർ പഞ്ചായത്ത് പ്രതിപക്ഷനേതാവ്, സിഐടിയു സംസ്ഥാനസമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇൻകം ടാക്സ് ഓഫീസറായിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശേരി രാമൻനായരുടെയും അമ്മിണിയമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര (മാനേജർ, അടാട്ട് ഫാർമേഴ്സ് ബാങ്ക്). മക്കൾ: അശ്വതി (യുകെ), അഖിൽ (എൻജിനിയർ). മരുമകൻ: ശ്രീജിത്ത് (ഒമാൻ). സഹോദരങ്ങൾ: മാധവനുണ്ണി (റിട്ട. എക്സി. എൻജിനീയർ), എം. ബാലാജി (സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), തങ്കമോൾ, രാജലക്ഷ്മി.