ഇടതുസര്‍ക്കാര്‍ വീണ്ടും വന്നാല്‍ തങ്കവിഗ്രഹക്കൊള്ള: വി.ഡി. സതീശന്
Wednesday, October 15, 2025 1:37 AM IST
കാഞ്ഞങ്ങാട്: ഇടതുസര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ തങ്കവിഗ്രഹം കൊള്ളയടിക്കപ്പെടുമെന്നു ജനം സംശയിക്കുന്നതില്‍ അതിശയമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കെ. മുരളീധരന് നയിക്കുന്ന കെപിസിസി വടക്കന്‍മേഖല വിശ്വാസസംരക്ഷണയാത്ര കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തില്‍ വന്നപ്പോള്‍ ജനകോടികളുടെ വിശ്വാസത്തെ ചവിട്ടി അരയ്ക്കുകയും സംവത്സരങ്ങളായി ഭക്തജനങ്ങള്‍ തീര്‍ഥാടനം നടത്തുന്ന ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെയും ശ്രീകോവിലിനു മുന്നിലുള്ള കട്ടിളപ്പടിയിലെയും സ്വര്‍ണപ്പാളികള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ശബരിമല ക്ഷേത്രത്തിലെ വിഗ്രഹമാണെന്നു പറഞ്ഞാല്‍ എത്ര കോടികള്‍ നല്‍കിയും വാങ്ങാന്‍ തമിഴ്നാട്ടിലും ആന്ധ്രയിലും നിരവധി പേരുണ്ട്. അതു സ്വര്‍ണത്തിന്റെ വിപണിവിലയേക്കാള്‍ എത്രയോ ഇരട്ടി അധികമായിരിക്കാം.
2022ല്‍ കൊള്ള നടന്ന വിവരം ഈ സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ കേസെടുക്കാന്‍ അവര്‍ തയാറായില്ലെന്നും വി.ഡി. സതീശന് വിമര്‍ശിച്ചു.