അട്ടപ്പാടിയിൽ വൻ കഞ്ചാവുതോട്ടം; പതിനായിരത്തോളം ചെടികൾ നശിപ്പിച്ച് പോലീസ്
Thursday, October 16, 2025 1:53 AM IST
പാലക്കാട്: അട്ടപ്പാടി പുതൂർ സത്യക്കല്ലുമലയിൽ പോലീസിന്റെ വൻ കഞ്ചാവുവേട്ട. 60 സെന്റ് സ്ഥലത്ത് കൃഷിചെയ്ത മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവുചെടികളാണു തീവ്രവാദവിരുദ്ധസേനയും (എടിഎസ്) ജില്ലാ ലഹരിവിരുദ്ധസേനയും പുതൂർ പോലീസും ചേർന്നു കണ്ടെത്തി നശിപ്പിച്ചത്.
പുതൂർ സത്യക്കല്ലുമലയുടെ താഴ് വാരത്താണു കൃഷി നടത്തിയിരുന്നത്. ഏറെ ദുഷ്കരമായ കാട്ടിലൂടെ അഞ്ചു മണിക്കൂറോളം യാത്ര ചെയ്താണു പോലീസ് കഞ്ചാവുതോട്ടത്തിൽ എത്തിച്ചേർന്നത്.
അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവുകൃഷി നടത്തുന്നുണ്ടെന്നു കേരള എടിഎസ് ഡിഐജി പുട്ട വിമലാദിത്യനു വിവരം ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ് കൃഷി ചെയ്യുന്നവരെക്കുറിച്ചും വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
കേരള പോലീസിന്റെതന്നെ ഏറ്റവും വലിയ കഞ്ചാവുകൃഷിവേട്ടകളിൽ ഒന്നാണിത്. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നു പോലീസ് അറിയിച്ചു.