ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ 25ന്
Thursday, October 16, 2025 1:53 AM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 സംഘടിപ്പിക്കുന്ന ജനകീയ സേവന, ആരോഗ്യ പരിപാലന പദ്ധതിയായ ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ 25ന് നടക്കും. റോട്ടറി കൊച്ചിൻ സെൻട്രൽ ആതിഥേയത്വം വഹിക്കുന്ന പരിപാടി കൊച്ചി ഹൈവേ ഗാർഡൻ ഹോട്ടലിൽ രാവിലെ ഒന്പതിന് ആരംഭിക്കും.
വാർധക്യം, ഭക്ഷണം ഒരു മരുന്ന്, വനിതാ ശക്തീകരണം- സഹകരണം, ലിവിംഗ് വിൽ - ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം എന്നീ വിഷയങ്ങളിലെ വെല്ലുവിളികളും പരിഹാരങ്ങളും സമ്മിറ്റ് ചർച്ച ചെയ്യും. പ്രകൃതിചികിത്സാ കൺസൾട്ടേഷൻ, മെഡിക്കൽ കൺസൾട്ടേഷൻ, കണ്ണ് പരിശോധന, ജനിതക കൗൺസലിംഗ്, അസ്ഥി സാന്ദ്രതാ വിശകലനം, അംഗീകൃത സിപിആർ പരിശീലനം എന്നിവയുണ്ടാകും.
ആരോഗ്യസംബന്ധമായ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ, സൗജന്യ ആരോഗ്യ, കൗൺസലിംഗ് സേവനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകുമെന്ന് റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് അലക്സ് ജോസഫ്, കൺവീനർ ഡോ. കെ. രമേഷ് കുമാർ എന്നിവർ അറിയിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യാതിഥിയാകും.
ദ മൈൻഡ് വർക്ക്ഷോപ് സ്ഥാപകൻ ഡോ. ഉഷി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും.വൈകുന്നേരം ആറിന് സമാപന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. സമ്മിറ്റിലും എക്സ്പോയിലും പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.