ഇവൻ ആള് ‘എഐ’യാ; മുക്കാണേൽ സിമ്പിളായി പൊക്കും
Friday, October 17, 2025 1:06 AM IST
തിരുവനന്തപുരം: ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സ്വർണത്തട്ടിപ്പുകൾ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമത ശക്തമാക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ഇൻക്യുബേറ്റ് ചെയ്ത ഫിൻടെക് സ്റ്റാർട്ടപ്പായ ഇഗ്നോസി എന്റർപ്രൈസസ്.
ഇഗ്നോസിയുടെ എഐ ഫേക്ക് ഗോൾഡ് ഡിറ്റക്ഷൻ ആപ്പിലൂടെ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വ്യാജ സ്വർണവുമായി വായ്പയ്ക്കെത്തുന്നവരെ തടയാൻ സാധിക്കും.
മുഖം തിരിച്ചറിയൽ, തട്ടിപ്പ് രീതിയുടെ വിശകലനം എന്നിവയിലൂടെ മുൻകാലത്ത് സ്വർണ തട്ടിപ്പുകളുമായി ബന്ധമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നേരിടുന്ന സ്വർണപ്പണയ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ തദ്ദേശീയമായ ഈ എഐ അധിഷ്ഠിത നവീകരണത്തിലൂടെ സാധിക്കും.
കൂടാതെ, ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾക്ക് ഈ എഐ പരിഹാരം കരുത്തു പകരും. ഇഗ്നോസിയുടെ മറ്റൊരു പുതിയ ഉത്പന്നമായ എഐ അധിഷ്ഠിത അക്കൗണ്ട് ഓഡിറ്റിംഗ് ഫോട്ടോ എടുത്ത് തത്സമയം തന്നെ അംഗത്വം സ്ഥിരീകരിക്കാൻ സാധിക്കും.
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ (എകെപിബിഎ) ഔദ്യോഗിക ടെക്നോളജി പങ്കാളിയായ ഇഗ്നോസിയുടെ ഈ രണ്ട് പരിഹാരങ്ങളും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.