എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ
Friday, October 17, 2025 1:06 AM IST
വൈക്കം: വൈക്കത്ത് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ.
കർണാടക സ്വദേശികളും തമിഴ്നാട് യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ നിർമ്മൽ (33), അജയ് ശരൺ (28), ഹോസാന (30) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നു ഹാഷിഷ് ഓയിൽ 3.93 ഗ്രാമും എംഡിഎംഎ 1.70ഗ്രാമും കണ്ടെടുത്തു.
പിടിച്ചെടുത്ത എംഡിഎംഎ വിദേശ രാജ്യങ്ങളിൽ വൻതുക തുകയ്ക്ക് വിൽക്കപ്പെടുന്ന മുന്തിയ ഇനമാണെന്നാണ് പോലീസിന്റെ നിഗമനം.
ബംഗളൂരു, മുംബൈ, കൊച്ചി തുടങ്ങിയ വൻനഗരങ്ങളിൽ പാർട്ടികളിൽ ഉപയോഗിച്ചുവരുന്നതരത്തിലുള്ള എംഡിഎം എ കേരളത്തിൽനിന്ന് അപൂർവമായി മാത്രമേ പിടികൂടിയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരുവിൽ ജനിച്ചു വളർന്ന ഹോസാന വൈക്കം ടിവി പുരത്തുള്ള പിതാവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി ബുധനാഴ്ച എത്തിയതായിരുന്നു. ഇന്നലെ ഉച്ചയോടെ വൈക്കത്തെത്തിയ ഇവർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ വാങ്ങിയശേഷം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കാറിൽനിന്നും ഗുളിക രൂപത്തിലുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലും കണ്ടെടുത്തത്.