വയോധികയുടെ മാല കവര്‍ന്ന കേസ് ; ബന്ധുവായ യുവതിയും കാമുകനും അറസ്റ്റിൽ
Friday, October 17, 2025 1:06 AM IST
കോട്ടയം (കടുവാക്കുളം): വയോധികയുടെ മാല കവര്‍ന്ന കേസില്‍ ബന്ധുവായ യുവതിയെയും കാമുകനെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കടുവാക്കുളം, വട്ടമറ്റം വീട്ടില്‍ രമണിയുടെ രണ്ടേകാല്‍ പവന് തൂക്കം വരുന്ന മാലയാണ് യുവതി കൈവശപ്പെടുത്തി കാമുകന് കൊടുത്തത്.
കഴിഞ്ഞ ദിവസം രമണി മാല ഊരിവെച്ച് കുളിക്കാന്‍ കയറിയ സമയത്താണ് മോളമ്മ എന്ന വിളിക്കുന്ന ബന്ധുവായ യുവതി മാല കൈവശപ്പെടുത്തിയത്. കുളി കഴിഞ്ഞെത്തിയ വയോധിക തിരക്കിയപ്പോള്‍ കറുത്ത ഒരാള്‍ വീട്ടില്‍നിന്നു ഇറങ്ങിപ്പോകുന്നത് കണ്ടതായി മോളമ്മ പറഞ്ഞു.
ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചതിനെ ത്തുടർന്ന് ഉദ്യോഗസ്ഥർ എത്തി മോളമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. മൂന്നു ദിവസമായി കാമുകനായ യുവാവ് ഇതേ വീട്ടില്‍ മറ്റാരും അറിയാതെ താമസിക്കുന്നുണ്ടെന്നും മാല ഇയാളുടെ കൈവശം കൊടുത്തുവിട്ടതായും പോലീസിനോട് മോളമ്മ സമ്മതിച്ചു.
തുടര്‍ന്നു പോലീസ് മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി മൂവാറ്റുപുഴയില്‍നിന്നു കാമുകനെ പിടികൂടി. മാല ഇതിനോടകം വിറ്റതായും പിന്നീട് ഉരുക്കിയതായും പോലീസ് പറഞ്ഞു. രമണിയെ കൂടാതെ വീട്ടില്‍ രോഗാവസ്ഥയിലായ മകള്‍ മാത്രമാണ് താമസം.
കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.