സജിത വധം: ചെന്താമരയുടെ ശിക്ഷ നാളെ
Friday, October 17, 2025 1:06 AM IST
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി നാളെ. ഇന്നലെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ടു. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചു.
നിസഹായയായ സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി. വാളുകൊണ്ടു വെട്ടിയതില്‍ ശരീരത്തില്‍ 17 മുറിവുകളാണ്. ആസൂത്രിതമായ കൊലപാതകമാണ്. വിചാരണവേളയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി.
കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് പോത്തുണ്ടി ബോയന്‍കോളനിയില്‍ സുധാകരന്, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. പ്രതിക്കു മാനസാന്തരമുണ്ടാവില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചത്.
എന്നാല്‍, വധശിക്ഷ വേണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഇരട്ടക്കൊലപാതകങ്ങള്‍ സജിത കേസില്‍ പരിഗണിക്കുന്നതില്‍ സാങ്കേതികമായ പ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മലമ്പുഴ ജില്ലാ ജയിലിലുള്ള പ്രതി ചെന്താമരയെ ഓണ്‍ലൈനായാണു ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്നു വിധിച്ചിരുന്നു.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിത (35)യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.