പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
സ്വന്തം ലേഖകൻ
Monday, May 20, 2024 3:22 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നു. താനടക്കം എല്ലാ നേതാക്കളെയും മോദിക്ക് ഒരുമിച്ച് അറസ്റ്റ് ചെയ്യാമെന്നും അരവിന്ദ് കേജരിവാൾ.
ആം ആദ്മി പാർട്ടി എംപി സ്വാതി മാലിവാളുമായി ബന്ധപ്പെട്ട കേസിൽ ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി നടത്തിയ മാർച്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടിയെ നശിപ്പിക്കാൻ ബിജെപി ഓപ്പറേഷൻ ചൂലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി താനടക്കമുള്ള നേതാക്കളെ ബിജെപി തടവിലാക്കുമെന്നും കേജരിവാൾ ആരോപിച്ചു. വൈകാതെ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്യുമെന്നും കേജരിവാൾ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. ആം ആദ്മി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി കേജരിവാളിന്റെ പിഎ വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. പ്രതിഷേധം പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡിനു മുന്നിൽ കേജരിവാളടക്കമുള്ള നേതാക്കൾ നിലയുറപ്പിച്ചു. സമരത്തിന്റെ ഭാഗമായി 144 പ്രഖ്യാപിച്ചിരുന്നു. കൂടാതെ സമീപത്തെ മെട്രോ സ്റ്റേഷനായ ഐടിഒ പോലീസ് അടയ്ക്കുകയും പ്രതിഷേധം തടയാൻ കേന്ദ്ര സേനയെ അടക്കം വിന്യസിക്കുകയും ചെയ്തിരുന്നു.ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം രാജ്യത്തെല്ലായിടത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് ബിജെപിക്കു ഭീഷണിയാണെന്നും അതിനാലാണ് പാർട്ടിയുടെ നേതാക്കളെ ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും കേജരിവാൾ പറഞ്ഞു.
ഡൽഹിയിൽ ആം ആദ്മി പാർട്ടി നല്ല ഭരണം കാഴ്ചവച്ചു. പഞ്ചാബിലും ഇതാവർത്തിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിൽ ഇപ്പോൾ പാർട്ടി ഭരണത്തിലുണ്ട്. ഇത് ബിജെപിക്ക് ഭാവിയിൽ ഭീഷണിയാകുമെന്നതിനാലാണ് ഇവർ പാർട്ടിയിലെ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്തതെന്നും കേജരിവാൾ ആരോപിച്ചു. എഎപി എംപി രാഘവ് ഛദ്ദ, ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയ നേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും കേജരിവാൾ പറഞ്ഞു.അതേസമയം, സ്വാതി മാലിവാളിന്റെ കേസുമായി ബന്ധപ്പെട്ട് കേജരിവാളിന്റെ വീട്ടിൽ വീണ്ടും പോലീസ് പരിശോധന നടത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.കേജരിവാളിനെ കാണാനെത്തിയ സ്വാതി മാലിവാളിനെ കേജരിവാളിന്റെ പിഎ വൈഭവ് കുമാർ കൈയേറ്റം ചെയ്തെന്നാരോപിച്ച് സ്വാതി പോലീസിൽ പരാതി നൽകിയിരുന്നു. ആദ്യം പരാതി നല്കാൻ വിസമ്മതിച്ചെങ്കിലും വ്യാഴാഴ്ചയാണ് വിവിധ വകുപ്പുകൾ ചുമത്തി വൈഭവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ശനിയാഴ്ച വൈഭവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കേജരിവാളിന്റെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.