സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
Saturday, May 18, 2024 3:04 AM IST
കൊച്ചി: സ്കൂളുകളുടെ ഓഡിറ്റോറിയമടക്കമുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണു വിദ്യാലയങ്ങള്‍.
കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചയ്ക്കു വേദിയാകേണ്ട ഇടമാണു വിദ്യാലയങ്ങള്‍. ലോകം മുഴുവന്‍ തങ്ങളുടെ കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താനും വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാനും ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം മതപരമായ ചടങ്ങിന് വിട്ടു നല്‍കാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
സ്കൂള്‍ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് ഓഡിറ്റോറിയം വിട്ടുകിട്ടാന്‍ അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് പ്രധാനാധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മറ്റു പല സംഘടനകളുടെയും പരിപാടികള്‍ക്ക് സ്കൂള്‍ മൈതാനം മുമ്പ് വിട്ടുനല്കിയിട്ടുള്ളതായും ചൂണ്ടിക്കാട്ടി.
എന്നാല്‍, കുട്ടികളുടെ താത്പര്യങ്ങള്ക്കുവേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാകില്ലെന്ന ഹൈക്കോടതിയുടെതന്നെ മുന്‍ ഉത്തരവുകള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.