തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോൺ ബ്രിട്ടാസ്
Saturday, May 18, 2024 3:04 AM IST
കണ്ണൂർ: സോളാർ സമരവുമായി ബന്ധപ്പെട്ട് മുതിർന്ന പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയത്തെ താൻ വിളിച്ചുവെന്നതു കള്ളമാണെന്നും അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണു വിളിച്ചതെന്നും ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയത്തിന്റെ ലേഖനം അദ്ദേഹത്തിന്റെ ഭാവനാ സൃഷ്ടിമാത്രമാണെന്നും ജോൺ ബ്രിട്ടാസ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സോളാർ സമരവുമായി ബന്ധപ്പെട്ട് ജോൺ മുണ്ടക്കയവുമായി താൻ ചർച്ച നടത്തിയിട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്ന് കൈരളി ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പുമായാണ് ആദ്യം ബന്ധപ്പെട്ടത്.
പിന്നീട് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ വിളിച്ചാണ് താനുമായി സംസാരിച്ചത്. സമരം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദയവു ചെയ്ത് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
സോളാർ വിഷയത്തിൽ സർക്കാർ ഏതുനിലയ്ക്കുമുള്ള ഒത്തുതീർപ്പിനു തയാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നുമായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്.
തുടര്‍ന്ന് തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായും സംസാരിക്കുകയും എല്‍ഡിഎഫിന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുമെന്നു നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിതു ചെയ്തത്. ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്യുന്പോൾ തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതു യുക്തിപരമായ തീരുമാനമായിരുന്നു.
താൻ ഇടപെട്ടാണ് സമരം തീർപ്പാക്കിയതെന്ന് ലേഖനമെഴുതിയ ജോൺ മുണ്ടക്കയം എന്തുകൊണ്ടാണ് അന്ന് അദ്ദേഹം ജോലി ചെയ്ത മാധ്യമത്തിൽ ഇത്തരമൊരു വാർത്ത കൊടുക്കാൻ തയാറാകാതിരുന്നതെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു.
തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്കനുസരിച്ച് അദ്ദേഹം സംസാരിക്കുകയാണെന്നാണ് തോന്നുന്നത്. വിരമിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ഇത്തരത്തിൽ പലതും പറയാറുണ്ട്. എന്നാല്‍, ജോണ്‍ മുണ്ടക്കയം അക്കൂട്ടത്തിൽപെട്ട ഒരാളാണെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷേ തിരുവഞ്ചൂര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.