തീവ്രമഴയ്ക്കു സാധ്യത
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി ദിവസങ്ങളായി തിമിർത്തുപെയ്യുന്ന വേനൽമഴ വരുംദിവസങ്ങളിൽ അതിതീവ്രമാകും.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയും ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനൊപ്പം തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും ശക്തിപ്പെടുന്നുണ്ട്.
തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ കേരളത്തെ കാത്തിരിക്കുന്നത് തോരാ മഴക്കാലമാണെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
മഴ കനത്തതോടെ ചൊവ്വാഴ്ച വരെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 14 ജില്ലകളിലും വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ് ക്കു സാധ്യത.ഇതു കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കോട്ടയം ജില്ലയിൽ ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇത് റെഡ് അലർട്ടായി മാറാനും സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.
അടുത്ത24 മണിക്കൂറിൽ കേരളതീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ കരുതലോടെ വേണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്കി.