പൈലറ്റിന്റെ മരണം: മെഡിക്കൽ പരിശോധനയിൽ കുഴപ്പം കണ്ടെത്തിയിരുന്നില്ലെന്ന് ഡിജിസിഎ
വെബ് ഡെസ്ക്
Friday, November 17, 2023 7:15 AM IST
ന്യൂഡല്‍ഹി: പരിശീലനത്തിനിടെ 37കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മരണപ്പെട്ട ഹിമാനിൽ കുമാർ ഓഗസ്റ്റ് 23ന് വൈദ്യ പരിശോധനയ്ക്ക് വിധേയനായിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ ഒരു കുഴപ്പവും കണ്ടെത്തിയില്ലെന്നും ഡിജിസിഎ അധികൃതർ വ്യക്തമാക്കി.
മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 2024 ഓഗസ്റ്റ് 30 വരെ അദ്ദേഹത്തിന് ഫിറ്റ്നെസുണ്ടെന്നും അറിയിപ്പിലുണ്ട്. വ്യാഴാഴ്ച രാവിലെ 11.35ന് ആണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വച്ച് എയര്‍ഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ സീനിയർ പൈലറ്റായ ഹിമാനിലിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.
ഉടൻ തന്നെ വിമാനത്താവളത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒക്ടോബര്‍ മൂന്നുമുതല്‍ ബോയിങ് 777 വിമാനം പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം.
ഹിമാനിലിന്റെ പിതാവ് എയര്‍ ഇന്ത്യയിലെ സീനിയര്‍ കമാന്‍ഡറാണെന്നും കുടുംബത്തിന് സാധ്യമായ എല്ലാസഹായവും നല്‍കുമെന്നും ഡിജിസിഎ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്ന് യുവ പൈലറ്റുമാരാണ് ഹൃദയാഘാതം മൂലം മരിച്ചത്.