ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗതമന്ത്രി
Thursday, February 8, 2024 11:26 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയതിനുപിന്നാലെയാണ് അവധിയെടുത്തത്.
കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഇനി ഒന്നേകാൽ വർഷം കൂടി ബിജു പ്രഭാകറിന് സർവീസ് കാലാവധിയുണ്ട്.
ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതൽ മന്ത്രിയും സിഎംഡിയും തമ്മിൽ സ്വരച്ചേർച്ചയിലല്ല. ഇലക്ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറാണ് കെഎസ്ആർടിസിയിലെ ഭരണം നിയന്ത്രിക്കുന്നത്.
അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗി (എഎസ്ആടിയു) ന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ പോയിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ 28-ന് തിരിച്ചെത്തിയിട്ടും ഇതുവരെ സിഎംഡിയുടെ ചുമതല ഏറ്റെടുക്കുകയോ കെഎസ്ആർടിസി ഓഫീസിൽ പോവുകയോ ചെയ്തിട്ടില്ല.
ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന വിഷയത്തിലടക്കം സിഎംഡിയും മന്ത്രിയും തമ്മിൽ വിയോജിപ്പുണ്ട്. ടോമിൻ ജെ. തച്ചങ്കരി മൂന്നര വർഷം കെഎസ്ആർടിസിയിൽ സിഎംഡിയായി പ്രവർത്തിച്ചിരുന്നു. അന്ന് ഇതിലേറെ കഷ്ടമായിരുന്നു കെഎസ്ആർടിസിയുടെ നില എങ്കിലും ജീവനക്കാർക്ക് അദ്ദേഹം കൃത്യമായി ശമ്പളം നല്‍കിയിരുന്നു.
ഇപ്പോൾ കെഎസ്ആർടിസിയിൽ പ്രതിമാസ ടിക്കറ്റ് വരുമാനം ശരാശരി 220 കോടിയോളമുണ്ട്. പരസ്യവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജരെ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കെഎസ്ആർടിസിയിൽ ശുദ്ധികലശം തന്നെയാണ് മന്ത്രി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മന്ത്രിയുമായി വിയോജിച്ചു കൊണ്ട് ബിജു പ്രഭാകറിന് സിഎംഡി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നതും യാഥാർഥ്യമാണ്.