പദ്ധതികൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും: നരേന്ദ്രമോദിയെ പുകഴ്ത്തി എന്‍.കെ. പ്രേമചന്ദ്രന്
Monday, February 26, 2024 7:26 PM IST
കൊല്ലം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് കൃത്യമായി പദ്ധതികൾ നിരീക്ഷിക്കുന്നുണ്ടെന്നും എന്‍.കെ.പ്രേമചന്ദ്രന് എംപി. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോൾ സദസിൽ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യവും ഉയർന്നിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വഹണം, പൂര്‍ത്തീകരണം എന്നിവ എല്ലാമാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി അത് റിവ്യൂ ചെയ്യുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ഈ പദ്ധതി നടക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എന്നാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന സമരാഗ്നിയിൽ പങ്കെടുത്ത് എന്‍.കെ.പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനും മോദിക്കുമെന്നും കൊട്ടാരക്കരയിലെ സമരാഗ്നിയിൽ അദ്ദേഹം പറഞ്ഞു.
പാർലമെന്റ് കാന്റീനിൽ പ്രതിപക്ഷത്തെ ഏഴ് എംപിമാർക്കായി പ്രധാനമന്ത്രി നടത്തിയ വിരുന്നിൽ എന്‍.കെ.പ്രേമചന്ദ്രന് എംപി പങ്കെടുത്തത് വൻ വിവാദമായിരുന്നു. ഈ വിരുന്നിൽ പങ്കെടുത്ത ബിഎസ്പി എംപി കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.