സിദ്ധാർഥന്റെ മരണം: മുഖ്യപ്രതി അഖിൽ പിടിയിൽ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്പി
Thursday, February 29, 2024 12:29 PM IST
വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി അഖിൽ പിടിയിലായെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവൻ. സിദ്ധാർഥൻ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലിലെ സഹപാഠികളാണ് വിചാരണ നടത്തിയത്. വിചാരണയ്ക്ക് നേതൃത്വം നല്കിയ 12 പേരിൽ ഒരാളാണ് പിടിയിലായ അഖിൽ. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ ഒളിത്താവളത്തിലേക്ക് നീങ്ങുന്നതിനിടെ പാലക്കാട്ട് വച്ചാണ് അഖിൽ പിടിയിലായത്. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
ഫെബ്രുവരി 14ന് വാലന്റൈസ്ഡേ ദിനത്തിലാണ് സിദ്ധാർഥൻ ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.
കേസിൽ ആകെ 18 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.