എട്ടുവയസുകാരിയായ അനന്തരവളെ കൊന്ന് കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ
Saturday, March 2, 2024 4:15 AM IST
നൂഹ്: ഹരിയാനയിൽ എട്ട് വയസുള്ള അനന്തരവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തന്റെ ഗ്രാമത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള വയലിൽ കുഴിച്ചിട്ടതിന് 27 കാരനെ നൂഹ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
ട്രക്ക് ഡ്രൈവർ അബ്ബാസ് ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായത്. മകൾ മറ്റ് കുട്ടികളുമായി വീട്ടിൽ കളിക്കുകയായിരുന്നുവെന്നും താനും ഭാര്യയും വയലിൽ പോയപ്പോൾ ഉച്ചയ്ക്ക് 12ഓടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നുമാണ് പിതാവ് ഫിറോസ്പൂർ ജിർക്ക പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞത്.
അന്വേഷണത്തിനൊടുവിൽ ട്രക്ക് ഡ്രൈവർ അബ്ബാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ദോഹ ഗ്രാമത്തിൽ കുഴിച്ചിട്ടതായി അബ്ബാസ് സമ്മതിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മണ്ടിഖേഡ ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.