സാമാജികര്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റം; ഭരണഘടനാ ബെഞ്ചിന്റെ മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
Monday, March 4, 2024 11:40 AM IST
ന്യൂഡല്‍ഹി: സാമാജികര്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. വോട്ടിന് കോഴ വാങ്ങുന്നതിന് സാമാജികര്‍ക്ക് പാര്‍ലമെന്ററി പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
1998ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. കോഴ വാങ്ങി വോട്ട് ചെയ്യുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്.
വോട്ടിന് കോഴ വാങ്ങുന്ന കേസുകളില്‍ ജനപ്രതിനിധികള്‍ക്ക് വിചാരണ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കോഴ വാങ്ങി വോട്ട് ചെയ്യുകയോ നിയമസഭയിലോ പാര്‍ലമെന്റിലോ പ്രസംഗിക്കുകയോ ചെയ്താല്‍ അവര്‍ വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
1998ലെ പി.വി.നരസിംഹറാവു കേസിലാണ് വോട്ടിനും പ്രസംഗത്തിനും എംപിമാരും എംഎല്‍എമാരും കോഴ വാങ്ങിയാല്‍ അവര്‍ക്ക് വിചാരണ നേരിടേണ്ട എന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 2012ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് എംഎല്‍എ സീതാ സോറന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
ഇതോടെ 1998ലെ വിധിപ്രകാരം തന്നെ വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിച്ചത്.