പത്തനംതിട്ടയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി
Saturday, April 13, 2024 11:06 AM IST
പത്തനംതിട്ട: ഉപയോഗ ശൂന്യമായിക്കിടന്ന കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. പത്തനംതിട്ട ഇരവിപേരൂരിലാണ് സംഭവം. തിരുവനന്തപുരത്ത് താമസമാക്കിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
മൃതദേഹം ജീർണിച്ച് അസ്ഥിയിൽനിന്ന് മാംസം വിട്ടുപോയ നിലയിലായിരുന്നു. മാസങ്ങളായി മൃതദേഹം കിണറ്റിൽക്കിടന്നിട്ടും പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ അസ്ഥികൂടം പുറത്തെടുത്തപ്പോൾ രൂക്ഷമായ ഗന്ധമാണ് പരിസരത്ത് വ്യാപിച്ചത്.
കിണറ്റിൽനിന്ന് ലഭിച്ച അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പോലീസ് പരിശോധിച്ചു. 2022 ൽ കിഴക്കനോതറയിൽ നിന്ന് കാണാതായ ഷൈലജയുടെ അസ്ഥികൂടമാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.