ജെസ്നയെ അപായപ്പെടുത്തിയത്; മകള്‍ മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്നും പിതാവ്
Saturday, April 13, 2024 11:33 AM IST
മുണ്ടക്കയം: ജെസ്നയെ അപായപ്പെടുത്തിയതാണെന്ന് അച്ഛന് ജെയിംസ്. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. മകള്‍ മുണ്ടക്കയം വിട്ട് പോയിട്ടുണ്ടാവില്ല. ജെസ്നയെ അപായപ്പെടുത്തിയതാണെന്ന് താന്‍ സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
നേരത്തേ സംശയം തോന്നിയ ജെസ്നയുടെ സുഹൃത്തും താനും അടക്കം നുണ പരിശോധനയ്ക്ക് വിധേയരായി. ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളെ തള്ളുന്നതായും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെയിംസ് വ്യക്തമാക്കിയിരുന്നു. സംശയമുളള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല.
ജെസ്നയോട് രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായും പിതാവ് കോടതിയെ അറിയിച്ചിരുന്നു.