ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; ചീഫ് ജസ്റ്റീസിന് മുന്‍ ജഡ്ജിമാരുടെ കത്ത്
Monday, April 15, 2024 11:03 AM IST
ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നെന്ന് കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡിന് കത്തെഴുതി മുന്‍ ജഡ്ജിമാര്‍.
ജുഡീഷ്യറിയുടെ മുകളില്‍ സമ്മര്‍ദത്തിന് ശ്രമം നടക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായിരുന്ന 21 പേരാണ് കത്തെഴുതിയത്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരായിരുന്ന ദിനേശ് മഹേശ്വരി, എം.ആര്.ഷാ, കൃഷ്ണമൂരാരി എന്നിവര്‍ കത്തെഴുതിയതിൽ ഉൾപ്പെടുന്നു. എന്നാൽ കത്തെഴുതാനുണ്ടായ സാഹചര്യം എന്താണെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടില്ല.
ആംആദ്മി പാര്‍ട്ടിയുടെ ആളുകള്‍ ജുഡീഷ്യറിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കോടതിയില്‍നിന്ന് തങ്ങള്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ അത് ആഘോഷിക്കുകയും അനുകൂലമല്ലാത്ത വിധി വരുമ്പോള്‍ അതിന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നായിരുന്നു വിമര്‍ശനം. വിഷയത്തില്‍ എഎപിക്കെതിരേ ബിജെപിയും കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു.