മുഖ്യമന്ത്രി കള്ളം പറയുന്നു; പിണറായിക്കെതിരെ പ്രധാനമന്ത്രി
Monday, April 15, 2024 5:26 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥിളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയതായിരുന്നു പ്രധാനമന്ത്രി.
സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്. ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു.
മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സഹകരണ ബാങ്ക് അഴിമതികളും എടുത്ത് പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.
സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു.
സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.