ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
Wednesday, April 17, 2024 10:55 PM IST
അഹമ്മദാബാദ്: 26.2 ഓവർ മാത്രം നീണ്ട ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. ഡൽഹി ആറ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. സ്കോർ: ഗുജറാത്ത് 89 (17.3 ). ഡൽഹി 92/4 ( 8.5).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഗുജറാത്തിന് കാര്യങ്ങൾ എളുപ്പമായില്ല. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് ഗുജറാത്ത് ഇന്നിംഗ്സിൽ രണ്ടക്കം കാണാൻ സാധിച്ചത്. 24 പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 31 റൺസ് നേടിയ റഷീദ് ഖാനാണ് ഗുജറാത്ത് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
സായ് സുദർശൻ (12), രാഹുൽ തെവാട്യ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റ് ബാറ്റർമാർ. ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി മുകേഷ് കുമാർ മൂന്നും ഇഷാന്ത് ശർമ, സ്റ്റബ്സ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കുവേണ്ടി ജാക്ക് ഫ്രേസർ മക്ഗുർക്ക് (20), ഷാഹ് ഹോപ്പ് (19), അഭിഷേക് പോറൽ (15) എന്നിവർ പോരാടി. ക്യാപ്പ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ക്യാച്ചും രണ്ട് സ്റ്റംപിംഗും നടത്തിയ പന്താണ് പ്ലെയർ ഓഫ് ദ മാച്ച്.