പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
Friday, April 19, 2024 10:57 AM IST
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ മോക്പോളിലും ഇവിഎം മെഷീനിനെതിരെ പരാതി. ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വന്നത്.
കഴിഞ്ഞ ഏപ്രില്‍ 17ന് കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോക്പോളിങ്ങിനിടെയാണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. സാങ്കേതിക തകരാറാണുണ്ടായതെന്നും പ്രശ്നം പരിഹരിച്ചെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കാസര്‍ഗോട്ടും കഴിഞ്ഞ ദിവസം സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നു. നാല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോയെന്നായിരുന്നു പരാതി.
മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ വ്യാഴാഴ്ച ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്.