തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Saturday, April 20, 2024 6:34 AM IST
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക.
രാവിലെ 11.30ന് പ്രിയങ്കാ ഗാന്ധി പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും.
തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ എന്നിവർക്കായാണ് രാവിലെ പ്രചാരണം നടത്തുക.
തുടർന്ന് ഉച്ചയ്ക്കു ശേഷം പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പ്രിയങ്ക പങ്കെടുക്കും. പിന്നീട് 3.40ന് തിരുവനന്തപുരത്തേക്ക് മടങ്ങും.