കൊച്ചിയിൽ വൻ രാസലഹരി വേട്ട; യുവാവ് അറസ്റ്റിൽ
Saturday, April 20, 2024 10:37 PM IST
കൊച്ചി: കാക്കനാട് കൊല്ലംകുടി മുകൾ ഭാഗത്തുനിന്നും എം ഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പോലിസ് പിടികൂടി. ചേർത്തല പട്ടണക്കാട് ഗോകുലം ഹൗസിൽ ജി.ബി.ഗോകുൽ (20) ആണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേർന്ന് കാക്കനാട് കൊല്ലംകുടിമുകൾ റോഡിലുള്ള ഡയമണ്ട് ഇൻ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 37.19 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.
കാക്കനാട്, ഇൻഫോപാർക്ക് ഭാഗത്തെ ഐടി മേഖലയിൽ ജോലിചെയ്ത് വരുന്നവർക്കിടയിൽ വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പറഞ്ഞു.
ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ. ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.