വിവാദ പ്രസംഗം: പ്രധാനമന്ത്രിക്കെതിരേ തെര. കമ്മീഷനെ സമീപിക്കാനൊരുങ്ങി കോൺഗ്രസും സിപിഎമ്മും
Monday, April 22, 2024 11:05 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശത്തിനെതിരേ കോൺഗ്രസും സിപിഎമ്മും രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ പ്രസംഗം ബിജെപിക്കെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോൺഗ്രസ് ദേശീയധ്യക്ഷൻ മല്ലികാര്‍ജുൻ ഖാർഗെ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ട വോട്ടെടുപ്പിനു ശേഷം ബിജെപിക്ക് നിരാശയാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. രാജ്യം വോട്ടുചെയ്യുന്നത് അത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു മേലാണെന്നും തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വഴിതെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് അറിയിച്ചു.
പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണ്, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
വിവാദപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനാണ് തൃണമൂല്‍ കോൺഗ്രസിന്റെ തീരുമാനം. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്നും തൃണമൂല്‍ ആരോപിച്ചു.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.