മോദിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ്
Monday, April 22, 2024 6:02 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം പെരുമാറ്റചട്ടലംഘനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദിയുടെ വാക്കുകൾ വിദ്വേഷപ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഒരു സമുദായത്തെ ഉന്നമിട്ട് നടത്തിയ പ്രസ്താവനയെന്നും കോണ്‍ഗ്രസ് പറഞ്ഞു. നടപടിയെടുക്കാനുള്ള എല്ലാ വകുപ്പുകളും ഉണ്ടെന്നും പ്രതിനിധി സംഘം കമ്മീഷനെ അറിയിച്ചു.
അതേസമയം മോദിയുടെ പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
മോദി നടത്തിയ പ്രസംഗത്തിലെ മുസ്ലിം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാമര്‍ശത്തില്‍ മോദിക്കെതിരേ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന് മറുപടി നല്‍കിയില്ല.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.